സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ക്ഷാമബദ്ധ ഗഡുക്കൾ മുഴുവനും സർക്കാർ കൊടുത്തു തീർത്തു. കുടിശികയുള്ളത് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്നും പ്രഖ്യാപനവുമുണ്ട്. വിലക്കയറ്റം മൂലം കൈയിൽ കിട്ടുന്നതിന്റെ മൂല്യം കുറഞ്ഞുപോകുന്നത് സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും മാത്രമല്ല; നികുതിദായകരായ മുഴുവൻ സാധാരണ ജനങ്ങൾക്കും ഈ നഷ്ടമുണ്ടാകുന്നുണ്ട്. പക്ഷേ, ഈ ദുരിതം നിശബ്ദമായി സഹിക്കാനാണ് അവരുടെ വിധി. അതിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമാണ് ക്ഷേമപെൻഷൻകാർ.
ഡോ. തോമസ് ഐസക് 2021ൽ ധനമന്ത്രിപദത്തിൽനിന്നു പടിയിറങ്ങിയത് ക്ഷേമപെൻഷൻ 1600 രൂപയായി വർധിപ്പിച്ചുകൊണ്ടാണ്. അതിനുശേഷം 2025 വരെ ക്ഷേമപെൻഷനിൽ ഒരു രൂപപോലും വർധിപ്പിച്ചില്ല. കേരളത്തിൽ കടുത്ത വിലക്കയറ്റം അനുഭവപ്പെട്ടതാണ് ഈ കാലയളവ് എന്ന് ഓർക്കണം. ഒരു വർഷം ക്ഷേമപെൻഷന്റെ മൂല്യത്തിൽ ശരാശരി അഞ്ചു ശതമാനം കണ്ട് മൂല്യശോഷണം സംഭവിച്ചു എന്ന് കണക്കാക്കിയാൽ 62 ലക്ഷം വരുന്ന ക്ഷേമപെൻഷൻകാർക്ക് ഈ കാലയളവിലുണ്ടായ നഷ്ടം എത്രവരുമെന്നു നോക്കാം. (പട്ടിക നോക്കുക)
ക്ഷേമപെൻഷൻകാരുടെ പോക്കറ്റിൽനിന്ന് അവർ അറിയാതെ 7232.62 കോടി കവർന്നെടുത്ത സർക്കാർ കഴിഞ്ഞ നവംബറിൽ 400 രൂപ വർധിപ്പിച്ച് ഞെളിയുകയാണ്. സത്യത്തിൽ 1238.05 രൂപയുടെ കൂടെയാണ് 400 രൂപ വർധിപ്പിച്ചത്. അതായത്, 1600 രൂപയിൽനിന്ന് 1638.05 രൂപയായി വർധിപ്പിച്ചു. ഏകദേശം അഞ്ചു വർഷംകൊണ്ടുണ്ടായ യഥാർഥ വർധന 38.05 രൂപ മാത്രം!
നിഷ്കളങ്കരായ ക്ഷേമപെൻഷൻകാർ ഓർക്കുന്നത് 400 രൂപ വർധിപ്പിച്ച സർക്കാരിനെയാണ്. 7232.62 കോടി കവർന്നെടുത്തത് അവർ തിരിച്ചറിയുന്നില്ല. ക്ഷേമപെൻഷൻ കൊടുക്കാനെന്ന പേരിൽ പെട്രോളിന്റെയും മദ്യത്തിന്റെയും മേൽ സെസ് ഏർപ്പെടുത്തി മുഴുവൻ ജനങ്ങളെ കൊള്ളയടിച്ചതും അവർ ഓർക്കുന്നില്ല. ആന്ധ്രപ്രദേശ്, തെലുങ്കാന, അരുണാചൽ പ്രദേശ്, ഡൽഹി, ഹരിയാന, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിൽ വർഷങ്ങളായി കേരളത്തേക്കാൾ ഉയർന്ന നിരക്കിലാണ് ക്ഷേമപെൻഷൻ. ആന്ധ്രപ്രദേശിൽ അടുത്തകാലത്ത് ക്ഷേമപെൻഷൻ 4,000 രൂപയായി വർധിപ്പിച്ചു. ഇതൊന്നും സാധാരണ ജനങ്ങളുടെ മനസിൽ വരികയില്ല.
പക്ഷേ, സർക്കാരിനു പറഞ്ഞുനില്‍ക്കാം. ക്ഷേമപെൻഷൻ അവകാശമല്ല, ഔദാര്യമാണ് എന്നാണല്ലോ സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. ഔദാര്യം തന്നെയാണെന്നാണ് പാവപ്പെട്ട ക്ഷേമപെൻഷൻകാരും വിശ്വസിക്കുന്നത്. ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ലുണ്ടോ എന്ന് നോക്കരുതെന്നല്ലേ? കേരളത്തിൽ വലിയ വികസനവിപ്ലവമാണല്ലോ കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. നല്ലത്; നടക്കട്ടെ. പക്ഷേ അത് പാവപ്പെട്ട വൃദ്ധജനങ്ങളുടെതന്നെ പേരിൽ വേണോ?
(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍ഡ് ടാക്സേഷനിലെ
മുൻ ഫാക്കൽറ്റിയംഗമാണ്)